പേടി മാറി, വാക്സീനും ലഭ്യം; ഇനി ലോക്ക്ഡൗണിലേക്കില്ലെന്ന് സൗദി

ജിദ്ദ: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്നു സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി. ഒമിക്രോൺ സൗദിയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്തു നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആദ്യ കാലങ്ങളിൽ ലോകത്ത് വൈറസിന്റെയോ തരംഗങ്ങളോ വകഭേദമോ പ്രത്യക്ഷപ്പെട്ടപ്പോൾ വാക്സീനുകളുടെ ലഭ്യതയും സമൂഹത്തെക്കുറിച്ചുള്ള അവബോധവും കുറവായിരുന്നുവെന്നതിനാൽ ഭയം കൂടുതലായിരുന്നുവെന്നും ഇന്നിപ്പോൾ 22.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതും അവരിൽ ചിലർ ബൂസ്റ്റർ ഡോസ് എടുത്തതുമൊക്കെ ഭയം കുറയാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കലുമാണ് കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ തടയാന്‍ സഹായിക്കുകയെന്നു സൗദി ആരോഗ്യ മന്ത്രാലയം നേരെത്തെ വ്യക്തമാക്കിയിരുന്നു.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കലും ബൂസ്റ്റര്‍ സ്വീകരിക്കലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ലോകത്ത് 21 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപന ശേഷി കൂടുതലുള്ള ഈ വൈറസ് അപകടകരമായതാണ്. പുതിയ വകഭേദങ്ങളെ നേരിടാന്‍ സൗദിയുടെ ആരോഗ്യമേഖല സുസജ്ജവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Top