ഇനിയൊരിക്കലും ഐറ്റം ഡാന്‍സ് ചെയ്യില്ലെന്നറിയിച്ച് നടി സമാന്ത. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ താന്‍ അവതരിപ്പിച്ച ‘ഊ അന്തവാ…’ എന്ന ഐറ്റം ഡാന്‍സിനെക്കുറിച്ചുള്ള അനുഭവം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു സാമന്തയുടെ തുറന്ന് പറച്ചില്‍. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എന്നും തനിക്ക് ഇഷ്ടമാണെന്നും അത്ര ആത്മവിശ്വാസത്തോടെയല്ല പാട്ടില്‍ അഭിനയിച്ചതെന്നും സമാന്ത വ്യക്തമാക്കി. പാട്ടിലെ ആദ്യരംഗമെടുത്തപ്പോള്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തി. അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്ത തുറന്ന് പറച്ചില്‍. ‘അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം എന്ന ചിന്തയില്‍ നിന്നുമാണ് ”ഊ അന്തവാ…” പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. ഞാന്‍ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സില്‍. അതിനാല്‍ ആ പാട്ട് ചിത്രീകരിക്കുന്നതു വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
”ഊ അന്തവാ…”യുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു ഞാന്‍. കാരണം, സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ, എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. വിവാഹമോചനത്തിനിടെയാണ് ”ഊ അന്തവാ…”എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങില്‍ ഞാന്‍ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എന്റെ അടുപ്പക്കാരും കുടുംബവും അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. വിവാഹമോചന സമയത്ത് ഐറ്റം ഡാന്‍സ് ചെയ്യരുത് എന്നാണ് അവര്‍ പറഞ്ഞത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാന്‍സ് ചെയ്യരുതെന്ന് ഉപദേശിച്ചു. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും ചെയ്യണമെന്ന് എനിക്കു തോന്നി. പക്ഷേ ഇനി ഞാന്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കില്ല. കാരണം, അതില്‍ ഞാന്‍ വെല്ലുവിളികള്‍ ഒന്നും കാണുന്നില്ല’, സമാന്ത പറഞ്ഞു.
‘പുഷ്പ’യിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ…’ എന്ന ഹോട്ട് നമ്പര്‍. നടിയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സ് ആണിത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയായിരുന്നു സമാന്ത ഐറ്റം ഗാനത്തില്‍ അഭിനയിച്ചത്. അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് താന്‍ പുഷ്പയില്‍ ഐറ്റം ഡാന്‍സ് ചെയ്തതെന്നു സമാന്ത നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒറ്റപ്പാട്ടിനു വേണ്ടി നടി കോടികള്‍ പ്രതിഫലം വാങ്ങിയെന്നാണു റിപ്പോര്‍ട്ട്. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ…’ എന്ന ഗാനം തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആണ് ആലപിച്ചത്.