ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

sukumaran-nair

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.

ശബരിമല വിഷയത്തില്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാം എന്ന കോടിയേരിയുടെ നിര്‍ദ്ദേശം എന്‍എസ്എസ് തള്ളി. ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്ര തുടങ്ങിയത് മുതല്‍ എന്‍എസ്എസിനോടുള്ള എതിര്‍പ്പ് മയപ്പെടുത്തിയായിരുന്നു ഇടതു നേതാക്കളുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്താന്‍ പോലും മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്ന് തുറന്നടിക്കുകയാണെന്ന് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ശബരില യുവതീപ്രവേശത്തില്‍ പലതവണ സംസാരിച്ചപ്പോഴും അനുകൂല സമീപനമായിരുന്നില്ല. അതുകൊണ്ട് കോടതിവിധി എന്തായാലും സര്‍ക്കാരിന് എതിരായ നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം പ്രസ്താവനയേക്കുറിച്ച് പഠിച്ച ശേഷം പറയാമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎമ്മിന്റെ നിലപാടുമാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

Top