എടിഎമ്മുകളില്‍ പണമില്ല; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വലയുന്നു

ATM

അഗര്‍ത്തല: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍, മേഘാലയ, മിസോറം എന്നിവിടങ്ങളിലെ എംടിഎമ്മുകളില്‍ പണമില്ലാതെ ജനങ്ങള്‍ വലയുന്നു. കുറച്ച് ദിവസങ്ങളായി ഇവിടെയുള്ള എടിഎമ്മുകളെല്ലാം കാലിയാണ്.

ഗുവാഹാട്ടിയിലുള്ള ആര്‍.ബി.ഐ. ശാഖയില്‍ നിന്ന് പുതിയ നോട്ടുകള്‍ ലഭിക്കാത്തതാണ് പണക്ഷാമത്തിനു കാരണമെന്ന് എസ്.ബി.ഐ. റീജണല്‍ മാനേജര്‍ ദീപക് ചൗധരി പറഞ്ഞു. ഇതു താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ നോട്ടുക്ഷാമം തീരുമെന്നാണ് പ്രതീക്ഷയെന്നും ചൗധരി അറിയിച്ചു.

ബ്രാഞ്ചുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും കണക്കിന് ആനുപാതികമായി ബാങ്കുകള്‍ക്ക് പണം നല്‍കുന്ന റേഷന്‍ രീതി ആര്‍.ബി.ഐ. സ്വീകരിച്ചതാണ് എ.ടി.എമ്മുകള്‍ കാലിയാകാന്‍ കാരണമെന്ന് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

പണക്ഷാമം സംബന്ധിച്ച് ബാങ്ക് അധികൃതര്‍ പലതവണ വിശദീകരണം നല്‍കിയെങ്കിലും അഭ്യൂഹങ്ങളില്‍ ഭയന്ന് ജനങ്ങള്‍ ബാങ്കില്‍ നേരിട്ടെത്തി അക്കൗണ്ടുകളിലെ പണം പിന്‍വലിക്കുകയാണ്.

Top