ഐപിഎൽ; വരുന്ന സീസണില്‍ മെഗാ താരലേലം ഉണ്ടായേക്കില്ല

മുംബൈ: ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. വരുന്ന സീസണില്‍ പുതിയ ടീമുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ മെഗാ താരലേലം ഒഴിവാക്കി പകരം ഫെബ്രുവരിയില്‍ മിനി താരലേലം നടക്കും. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

2022 സീസണില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം പത്താക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം. ടീമുകളുടെ എണ്ണം കൂടിയാല്‍ ബിസിസിഐയില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ഇടിവ് സംഭവിക്കുമെന്ന് ഫ്രാഞ്ചൈസികള്‍ക്ക് ആശങ്കയുണ്ട്. മാത്രമല്ല, പുതിയ ടീമുകള്‍ കടന്നുവരുമ്പോള്‍ മെഗാ ലേലം അനിവാര്യമായി മാറും. ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തി ബാക്കിയെല്ലാവരെയും മെഗാ ലേലത്തിന് വിട്ടുകൊടുക്കേണ്ടതായി വരും.

പുതിയ സീസണിന് കഷ്ടിച്ച് നാലു മാസം ബാക്കിനില്‍ക്കെ ടീം പൊളിച്ചെഴുതി വീണ്ടും പണിതുയര്‍ത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ലേലം നടന്നില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പോലുള്ള ഫ്രാഞ്ചൈസികളെ ഇത് ബാധിക്കും. ടീമില്‍ ഒട്ടുമിക്ക താരങ്ങളും 30 വയസ്സ് കഴിഞ്ഞവരാണ്. കഴിഞ്ഞ സീസണില്‍ യുവതാരങ്ങളുടെ അഭാവം പ്രകടമായിരുന്നു.

Top