എത്ര വൈകിയാലും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടത്തും; അനുമതി നല്‍കി ജില്ലാ കളക്ടര്‍

കോട്ടയം: രാത്രി എത്ര വൈകിയാലും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. 2 മണിക്ക് പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിക്കാനും 5മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. ക്രമീകരണങ്ങളെ പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ 9.45നു പള്ളി വികാരി വര്‍ഗീസ് വര്‍ഗീസ് വിശദീകരിക്കും. പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളി അറിയിച്ചു.

വിലാപയാത്ര നിലവില്‍ കോട്ടയം കോടിമതയിലാണ്. ഇന്നലെ രാവിലെ ഏഴോടെ തിരുവനന്തപുരത്ത് നിന്നാംരഭിച്ച വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടു. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് പ്രിയപ്പെട്ട ജനനായകനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നല്‍കാന്‍ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിയിരിക്കുകയാണ്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം തിരുനക്കരയില്‍ എത്തി. തിരുനക്കര മൈതാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രിമുതല്‍ ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നത്.

Top