അനിഷ്ടസംഭവങ്ങളില്ലാതെ 36 മണിക്കൂര്‍, കസ്റ്റഡിയിലുള്ളത് 500 പേര്‍

സംഘര്‍ഷബാധിതമായ ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് ജില്ലകളില്‍ പ്രധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ 36 മണിക്കൂര്‍ കടന്നുപോയതായി ആഭ്യന്തര മന്ത്രാലയം. വ്യാഴാഴ്ച രാത്രി 10 മണിക്ക് മന്ത്രാലയം പുറത്തുവിട്ട സ്ഥിരീകരണത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തത കൈവന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും, ഉന്നത പോലീസ് കേന്ദ്രങ്ങള്‍ക്കും ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തില്‍ സംഘര്‍ഷം പടര്‍ന്ന മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സ്ഥിരീകരണം.

ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ പ്രശ്‌നബാധിതമായ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 36 മണിക്കൂറിനിടെ സുപ്രധാനമായ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന 514 പേരെയാണ് ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുവരുന്നതിനാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

സ്ഥിതിഗതികള്‍ ശാന്തമാകുന്നതിനാല്‍ വെള്ളിയാഴ്ച 10 മണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞയില്‍ ഇളവ് വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു. അക്രമങ്ങളും, ജീവന്‍ നഷ്ടമായതും, വസ്തുവകകള്‍ നശിപ്പിച്ചതിനും മറ്റുമായി 48 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് രണ്ട് വ്യത്യസ്ത പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഏഴായിരത്തോളം കേന്ദ്ര പാരാമിലിറ്ററി സേനകളെയാണ് ഈ സ്ഥലങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡല്‍ഹി പോലീസ് സംഘവും രംഗത്തുണ്ട്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഡല്‍ഹി പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Top