കേരളത്തിന് പിന്നാലെ ഡല്‍ഹിയും; ജനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സര്‍ക്കാരും ഇത്തരത്തില്‍ സഹായം പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഇരട്ടിയാക്കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് കിലോയ്ക്ക് പകരം ഒരാള്‍ക്ക് 7.5 കിലോ റേഷനായിരിക്കും നല്‍കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 72 ലക്ഷം പേര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.

4000-5000 രൂപ പെന്‍ഷന്‍ 8.5 ലക്ഷം ഗുണഭോരക്താക്കള്‍ക്ക് ഏപ്രില്‍ രണ്ടിനുള്ളില്‍ നല്‍കും. രാത്രി ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായി നല്‍കും. ദിവസ വേതനക്കാരുടെ കാര്യത്തിലും തൊഴിലാളികളുടെ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ആരും തന്നെ കൊവിഡ് പടരുന്ന പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹി അടച്ചിട്ടേക്കുമെന്ന സൂചനയും കെജ്‌രിവാള്‍ നല്‍കി. ഡല്‍ഹിയില്‍ ഇതുവരെ 26 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.

Top