സംവരണം നല്‍കിയാലും തൊഴില്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംവരണം നല്‍കിയാലും പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ലായെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വിദ്യാഭ്യാസ, തൊഴില്‍ സംവരണം തുടങ്ങിയവ അടിയന്തിരമായി നടപ്പിലാക്കണമെന്ന ആവശ്യവുമായി മറാഠ പ്രക്ഷോഭകര്‍ മഹാരാഷ്ട്രയില്‍ സമരം നടത്തിയിരുന്നു.സമരം സങ്കീര്‍ണ്ണമായതോടെയാണ് വിശദീകരണവുമായി ഗഡ്കരി രംഗത്ത് എത്തിയത്.

‘സംവരണം നല്‍കിയാലും ജോലി നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഐടിയില്‍ ഉണ്ടായ വളര്‍ച്ച ബാങ്കുകളിലും തൊഴിലവസരങ്ങള്‍ കുറച്ചു. സര്‍ക്കാര്‍ നിയമനങ്ങളും മരവിച്ചിരിക്കുകയാണ്. പിന്നെവിടെയാണ് തൊഴില്‍?’ എന്നാണ് ഗഡ്കരി ചോദിച്ചത്.

‘ഇപ്പോള്‍ സംവരങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. പിന്നോക്കക്കാരാണെന്നാണ് എല്ലാവരുടെയും വാദം. ബിഹാറിലും മധ്യപ്രദേശിലും ബ്രാഫ്മണര്‍ ശക്തരാണെങ്കിലും തങ്ങള്‍ പിന്നോക്കക്കാരാണെന്നാണ് അവര്‍ പറയുന്നതെന്നും’ ഗഡ്കരി പറഞ്ഞു.

‘പാവപ്പെട്ടവരെ തിരഞ്ഞെടുക്കുമ്പോള്‍ ജാതിയോ ഭാഷയോ നോക്കാരുത്. ഏതു മതത്തില്‍ പെട്ടതാണെങ്കിലും അവരില്‍ പലര്‍ക്കും ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ലഭിക്കുന്നില്ല. അവരെയാണ് പരിഗണിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇവിടെയുണ്ടാകേണ്ടത് ,അല്ലാതെ സംവരണത്തെ രാഷ്ടീയവല്‍ക്കരിക്കുകയല്ല വേണ്ടത്’ എന്നും ഗഡ്കരി പറഞ്ഞു.

Top