പ്രചാരണം അടിസ്ഥാന രഹിതം; സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതം. പാചകവാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നില്ല. 300 രൂപ നികുതയായി സർക്കാരിന് കിട്ടുന്നു എന്നത് തെറ്റായ പ്രചാരണമാണ്. പരമാവധി 14 കിലോ സിലിണ്ടറിന് 600 രൂപയെ ഈടാക്കാനാകൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിലാണ് ഈ ദുഷ്പ്രചരണം. കേന്ദ്രമാണ് അമിതമായി വില കൂട്ടുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

അതേസമയം 2020-21 സാമ്പത്തിക വർഷം സംസ്ഥാനം ശമ്പള വിതരണത്തിനായി ആകെ ചെലവഴിച്ചത് 28763.80 കോടി രൂപ. ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 45585.43 കോടിയായി ഉയർന്നെന്നാണ് സിഎജിയുടെ കണക്ക്. പെൻഷൻ വിതരണത്തിന് 2020-21 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചത് 18942.77 കോടി. കഴിഞ്ഞ വർഷം വേണ്ടിവന്നത് 26898.66 കോടി.

2021-22 സാമ്പത്തിക വർഷത്തിൽ ശമ്പള വിതരണത്തിനായി സംസ്ഥാനം അധികമായി ചെലവഴിച്ചത് മുൻ സാമ്പത്തിക വർഷത്തേക്ക്ൾ 58 ശതമാനം തുകയാണ്. പെൻഷൻ വിതരണത്തിനായി അധികമായി കണ്ടെത്തേണ്ടി വന്നത് 42 ശതമാനം തുക.

സംസ്ഥാനത്തിന് അധികമായി കണ്ടെത്തേണ്ടി വന്നത് യഥാക്രമം 58.48-ും 42-ഉം ശതമാനം അധികം പണം. വരും വർഷങ്ങളിലും ആനുപാതികമായി ഈ തുക ഉയരും. നികുതി, നികുതിയേതര വരുമാനത്തിന് പുറമേ, കേന്ദ്രം നൽകുന്ന ഗ്രാന്റും വായ്പയുമയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് റവന്യു കമ്മി പരിഹരിക്കാൻ കേന്ദ്രം നൽകിക്കൊണ്ടിരിക്കുന്ന ഗ്രാന്റ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Top