No intervention for vellappally natesan from Delhi

ന്യൂഡല്‍ഹി: കേന്ദ്ര സേനയുടെ സുരക്ഷ തല്‍ക്കാലം തുടരുമെങ്കിലും വെള്ളാപ്പള്ളിക്കെതിരായ കേസില്‍ കേന്ദ്രസര്‍ക്കാരും ഇടപെടില്ല.

മൈക്രോഫിനാന്‍സ് കേസില്‍ പ്രതിയായും ശാശ്വതീകാനന്ദയുടെ ദുരൂഹ മരണക്കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്ന് ഇടപെടല്‍ നടത്തിക്കാനുള്ള ചില ‘കേന്ദ്ര’ങ്ങളുടെ നീക്കമാണ് പാളിയത്.

ഐപിഎസ് ഉദ്യോഗസ്ഥരായ സംസ്ഥാന വിജിലന്‍സ് മേധാവിയെയും പൊലീസ് മേധാവിയെയും പ്രധാനമന്ത്രിയുടെ നേരിട്ട് കീഴില്‍ വരുന്ന പേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്ന് വിളിപ്പിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്.

രാജ്യത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കീഴിലായതിനാല്‍ ഇത്തരത്തില്‍ ഒരു ‘ഇടപെടല്‍’ ഗുണം ചെയ്യുമെന്ന് കണ്ടായിരുന്നു നീക്കം. വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമുള്ള ഒരു ബിജെപി നേതാവ് വഴിയായിരുന്നു കരുനീക്കം.

എന്നാല്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനത്തിനെതിരായ നീക്കമായി ഇത്തരം ഇടപെടല്‍ വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ‘ശുപാര്‍ശ’ തള്ളിക്കളയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

മാത്രമല്ല ജേക്കബ് തോമസിനെ പോലെയുള്ള ഒരു ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ നിന്ന് വിളിച്ചാല്‍ നിലപാട് തിരുത്തുകയല്ല കുരുക്കുകള്‍ മുറുകുകയാണ് ചെയ്യുകയല്ലേ എന്ന അഭിപ്രായവും ‘കേന്ദ്ര’ത്തില്‍ നിന്ന് ലഭിച്ചുവത്രെ.

അതേസമയം ഐപിഎസ് ഉദ്യോഗസ്ഥരുടെ നടപടി സംബന്ധമായി വെള്ളാപ്പള്ളിക്ക് പരാതിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് രേഖാമൂലം നല്‍കിയാല്‍ അത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടാനും തടസ്സമുണ്ടാകില്ല. എന്നാല്‍ ഇത്തരമൊരു പരാതി പോലും വ്യക്തമായി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ഗുരുതര ആരോപണമായാല്‍ മാത്രമേ പരിഗണിക്കപ്പെടു.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത ഫണ്ടിലെ 15 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ പ്രതിയായ വെള്ളാപ്പള്ളിയെ വിജിലന്‍സ് ചോദ്യം ചെയ്യാനിരിക്കെയാണ് അണിയറയില്‍ തന്ത്രപരമായ നീക്കം നടന്നിരുന്നത്.

വിജിലന്‍സ് കേസില്‍ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നതും എസ്എന്‍ഡിപി യോഗ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

മാത്രമല്ല വിവിധ ബാങ്കുകളില്‍ നിന്ന് 850 കോടി രൂപ മൈക്രോഫിനാന്‍സിന് വേണ്ടിയെടുത്തത് സംബന്ധമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസും വിജിലന്‍സിന് വിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ഇതിന് പുറമെയാണ് ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് പുതിയ അന്വേഷണ ടീമും വരുന്നത്.

സംസ്ഥാന രാഷ്ട്രീയ നേതൃത്വങ്ങളെ വിറപ്പിച്ച് നിര്‍ത്തിയിരുന്ന സമുദായ നേതാവ് സ്വയം വിറച്ച് പോയ ഈ ‘കഷ്ടകാല’ത്തില്‍ നിന്ന് തലയൂരാന്‍ മുഖ്യമന്ത്രിയുമായി അനുനയത്തിലാവാനുള്ള ശ്രമങ്ങളും പാളിയിരുന്നു.

അധികാരമേറ്റ ഉടനെ തന്നെ ശങ്കര്‍ റെഡ്ഡിയെ തെറിപ്പിച്ച് ജേക്കബ് തോമസിനെ തന്നെ വിജിലന്‍സ് ഡയറക്ടറാക്കിയത് വ്യക്തമായ ‘ധാരണ’ പിണറായിക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണെന്നാണ് പറയപ്പെടുന്നത്.

ബിജെപിയുമായി സഖ്യത്തിലായ വെള്ളാപ്പള്ളിക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന പൊലീസ് പിടിമുറുക്കിയാല്‍ ഈ സുരക്ഷാ കവചങ്ങള്‍ വെള്ളാപ്പള്ളിയെ കാക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വെള്ളാപ്പള്ളിയെ ‘പരിധി വിട്ട്’ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്കിടയിലും ശക്തമാണ്.

Top