“രാഷ്ട്രീയത്തിലേക്കില്ല”; നിലപാട് വ്യക്തമാക്കി തല അജിത്ത്

Ajith-actor

ന്യൂഡല്‍ഹി: പരോക്ഷമായോ പ്രത്യക്ഷമായോ രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴ് ചലച്ചിത്രതാരം തല അജിത്ത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനോടും തന്നെ ചേര്‍ത്ത് വെക്കേണ്ടതില്ലെന്നും അജിത്ത് വ്യക്തമാക്കി.

“ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കും എന്നത് മാത്രമാണ് തെരഞ്ഞെടുപ്പില്‍ തനിക്കുള്ള പങ്ക്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കാനോ വോട്ട് ചെയ്യാനോ ഞാന്‍ എന്റെ ആരാധകരെ നിര്‍ബന്ധിക്കുകയുമില്ല”. അജിത് പറയുന്നു.

അജിത്തിന്റെ ആരാധകരില്‍ ചിലര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ആരോപണമുണ്ടായിരുന്നു. അജിത്തിനെയും ആരാധകരെയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടെന്ന തെറ്റിദ്ധാരണയ്ക്കും ഇടയാക്കും- അജിത്ത് പറഞ്ഞു.

കമല്‍ഹാസനും രജനികാന്തും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അജിത്ത് തലൈവിയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് വ്യാപകമായി പ്രചരണമുണ്ടായിരുന്നു.

അജിത്ത് അനുഭാവികളില്‍ വലിയ വിഭാഗം അണ്ണാ ഡി.എം.കെ അനുഭാവികളായതിനാല്‍ അജിത്ത് അണ്ണാ ഡി.എം.കെ തലപ്പത്ത് വന്നാലെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രതിരോധിക്കാന്‍ കഴിയൂവെന്നാണ് പാര്‍ട്ടി അണികളും ഒരു വിഭാഗം നേതാക്കളും വിശ്വസിക്കുന്നതെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം തള്ളുന്ന തരത്തിലുള്ള പ്രസ്തവനയാണ് അജിത്ത് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

Top