സത്യമായിട്ടും രാഹുല്‍ എവിടെയെന്ന് അറിയില്ല, കേന്ദ്ര സര്‍ക്കാരിന്റെ കളികള്‍ എടുത്തു പറഞ്ഞ് എംപി

റിയാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. റിയാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിലവില്‍ തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ചുമതലയും എംപി വഹിക്കുന്നുണ്ട്.

‘അദ്ദേഹം എവിടെയാണെന്ന് കൃത്യമായി അറിയില്ല. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റല്ല, നിര്‍വ്വാഹക സമിതി അംഗം പോലുമല്ല. കലാപം സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ നേരിട്ട് ഇറങ്ങിയത് എഐസിസി അധ്യക്ഷയായ സോണിയ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം എവിടെയാണെന്ന് ജനങ്ങള്‍ ചോദ്യം ഉയര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ല’- പ്രതാപന്‍ പറഞ്ഞു.

അതേസമയം, പൗരത്വ നിയമത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന കേസില്‍ കേന്ദ്രസര്‍ക്കാരിനോട് മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലാഴ്ച സമയം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല, ഇതിനര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം കേസുകള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ്. ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ മറുപടി അറിയാനുള്ള അവകാശം കൂടിയാണ് ഇവിടെ ഹനിക്കുന്നതെന്നും പ്രതാപന്‍ പ്രതികരിച്ചു.

മാത്രമല്ല, സുപ്രീംകോടതിയില്‍ ഇപ്പോഴും പൂര്‍ണ്ണമായ വിശ്വസമുണ്ടെന്നും ഭരണഘടനയെ സംരക്ഷിക്കുന്ന വിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പ്രതാപന്‍ പറഞ്ഞു.

Top