മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണ്ട; ലക്ഷദ്വീപിലെ ഉത്തരവ് പിന്‍വലിച്ചു

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഇറക്കിയ ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്.

മേയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ധിപ്പിച്ചുള്ള പുതിയ പരിഷ്‌കാരങ്ങള്‍ പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ്മ നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.

മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിന് വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. ഇതോടെ സെക്യൂരിറ്റി ലെവല്‍ വണ്‍ അനുസരിച്ചുള്ള സുരക്ഷ തുടരും.

Top