‘പുറത്താക്കിയ വിസിമാർക്കെതിരെ തിങ്കളാഴ്ച വരെ തുടർനടപടികൾ പാടില്ല’: 18 ന് ഹർജികളിൽ വാദം കേൾക്കും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാർക്കെതിരെ തിങ്കളാഴ്ച വരെ തുടർനടപടികൾ പാടില്ലെന്നു ഹൈക്കോടതി. വിസിമാരുടെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജികളിൽ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്താണു വിസിമാർ ഹർജി സമർപ്പിച്ചത്.

യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ച കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ എന്നിവരെയാണു ഗവർണർ പുറത്താക്കിയത്. കാലിക്കറ്റ് സർവകലാശാലാ വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതാണ് അയോഗ്യതയ്ക്കുള്ള മുഖ്യ കാരണം. സർക്കാരുമായി ബന്ധപ്പെട്ടവർ കമ്മിറ്റിയിൽ പാടില്ലെന്നാണു യുജിസി ചട്ടം.

സംസ്കൃത സർവകലാശാലാ വിസി സ്ഥാനത്തേക്കു പാനലിനു പകരം ഒരു പേരു മാത്രം സമർപ്പിച്ചതാണ് അയോഗ്യതയ്ക്കുള്ള പ്രധാന കാരണം. സേർച് കമ്മിറ്റി അംഗമായിരുന്ന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ കമ്മിറ്റി രൂപീകരണ സമയത്ത് അക്കാദമിക് വിദഗ്ധൻ ആയിരുന്നില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലിക്കറ്റ് സേർച് കമ്മിറ്റിയിലും രാമചന്ദ്രൻ അംഗമായിരുന്നു. കാലിക്കറ്റ്, സംസ്കൃത വിസിമാരെ കുറിച്ചുള്ള യുജിസിയുടെ അഭിപ്രായം ലഭിച്ചതിനെ തുടർന്നാണു പുറത്താക്കാൻ ഗവർണർ ഉത്തരവിറക്കിയത്.

Top