ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല; കടുത്ത പ്രതിക്ഷേധത്തിലേക്ക് ഒരുങ്ങി പമ്പ് ഉടമകള്‍

തിരുവനന്തപുരം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് ജനുവരി ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങി പമ്പുടമകള്‍. ആറു മാസമായി ഇന്ധനം അടിച്ചതിന്റെ പണം നല്‍കാത്തതാണ് കടുത്ത നടപടിക്ക് കാരണം. പമ്പ് ഒന്നിന് 5 ലക്ഷം രൂപാ മുതല്‍ 25 ലക്ഷം രൂപാ വരെ കിട്ടാനുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.

ജൂണിലാണ് പൊതുമേഖലാ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതിന്റെ പണം ഏറ്റവുമൊടുവില്‍ കിട്ടിയത്. പൊലീസ് വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ്, വിവിധ ഡിപ്പാര്‍ട്ട് മെന്റ് വാഹനങ്ങള്‍, എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നല്‍കുന്നില്ല. കൊല്ലം റൂറലില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ഒരു പമ്പിന് കിട്ടാനുള്ളത് 4 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്പിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല.

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംഘടനയിലുള്ളത്. ഏഴ് വര്‍ഷമായി ഡീലര്‍ കമ്മീഷന്‍ എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിക്കാത്തതും പ്രതിസന്ധിയാണ്. പമ്പുകളിലുണ്ടാകുന്ന അതിക്രമമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം പകല്‍മാത്രമായി ചുരുക്കുമെന്നും ഉടമകള്‍ പറയുന്നു.

Top