വീര്‍ സവര്‍ക്കറിന് ഭാരതരത്ന കൊടുക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ട; ആഭ്യന്തര മന്ത്രാലയം

വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുത്ത് ആദരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നതിന് ഇടെ മറുപടിയുമായി ആഭ്യന്തര മന്ത്രാലയം. ഭാരതരത്‌ന നല്‍കാന്‍ ഔദ്യോഗിക ശുപാര്‍ശകളുടെ ആവശ്യമില്ലെന്നതിന് പുറമെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭയില്‍ മുംബൈയില്‍ നിന്നുള്ള ബിജെപി എംപി ഗോപാല്‍ ഷെട്ടിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഈ പ്രസ്താവന നടത്തിയത്. വിപ്ലവകാരിയായ വീര്‍ സവര്‍ക്കറിന് ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്രത്തിന്റെ നടപടികളെക്കുറിച്ചാണ് അംഗം ആരാഞ്ഞത്. ഏതെങ്കിലും പാര്‍ലമെന്റ് അംഗം ഇതിനായി ശുപാര്‍ശ നല്‍കിയിട്ടുണ്ടോയെന്നും ഗോപാല്‍ ഷെട്ടി ചോദിച്ചു.

‘ഭാരതരത്‌ന നല്‍കാന്‍ വിവിധ ശുപാര്‍ശകള്‍ ലഭിക്കാറുണ്ടെങ്കിലും ഇതിന് ഔദ്യോഗിക ശുപാര്‍ശകളുടെ ആവശ്യമില്ല. ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം അതാത് സമയങ്ങളിലെ സര്‍ക്കാരാണ് തീരുമാനിക്കുക’, റായി മറുപടിയില്‍ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുന്ന വിഷയം ബിജെപി ഉള്‍പ്പെടുത്തിയിരുന്നു.

സ്വാതന്ത്ര സമരത്തില്‍ സുപ്രധാന പങ്കുവഹിച്ച വിപ്ലവകാരിയാണ് സവര്‍ക്കര്‍. വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ജീവപര്യന്തം ശിക്ഷ വിധിച്ച് 50 വര്‍ഷം ജയിലില്‍ ശിക്ഷ നേരിട്ട സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലിലാണ് ശിക്ഷ അനുഭവിച്ചത്.

Top