ഞങ്ങള്‍ എന്‍ഡിഎ ഉപേക്ഷിച്ചിട്ടില്ല; രാജ്യസഭയിലെ സീറ്റ് പിന്നോട്ടായപ്പോള്‍ നൊന്ത് ശിവസേന

ബിജെപിയെ പിന്നില്‍ നിന്നും കുത്തിയ ശിവസേനയ്ക്ക് മറുപണി. എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ശിവസേന അംഗങ്ങളുടെ സീറ്റ് മൂന്നാം നിരയില്‍ നിന്ന് അഞ്ചാം നിരയിലേക്ക് നീക്കി. എന്നാല്‍ രാജ്യസഭയിലെ ഇരുപ്പ് പിന്നിലേക്ക് മാറ്റിയത് ശിവസേനയെ ചൊടിപ്പിച്ചു. ഈ മാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത് ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതി.

എന്‍ഡിഎയില്‍ നിന്നും ശിവസേനയെ നീക്കിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് റൗത്ത് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. ‘രാജ്യസഭ ചേംബറിലെ സ്ഥാനം മൂന്നാം സ്ഥാനത്ത് നിന്ന് 5ാം നിരയിലേക്ക് നീക്കിയത് അറിഞ്ഞ് ഞെട്ടിപ്പോയി’, റൗത്ത് വ്യക്തമാക്കി. ശിവസേനയുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാനും, ശബ്ദം അടിച്ചമര്‍ത്താനും ലക്ഷ്യമിട്ട് മനഃപ്പൂര്‍വ്വം ആരോ സ്വീകരിച്ച തീരുമാനമാണിത്, റൗത്ത് ആരോപിച്ചു.

സഭയുടെ അന്തസ്സിനെ ഹനിക്കുന്ന തീരുമാനമാണിതെന്ന് പരാതിപ്പെട്ട റൗത്ത് ശിവസേന എംപിമാര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള നിരയില്‍ സീറ്റ് നല്‍കണമെന്നാണ് നായിഡുവിനോട് ആവശ്യപ്പെട്ടത്. ‘എന്തിനാണ് ഈ നടപടിയെന്ന് മനസ്സിലാകുന്നില്ല, എന്‍ഡിഎയില്‍ നിന്ന് പുറത്താക്കി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല’, റൗത്ത് കത്തില്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സേനയും, ബിജെപിയും തമ്മില്‍ അടിപൊട്ടിയത്. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ സേനയുമായി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നിലപാട് സ്വീകരിച്ചു.

Top