ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല; ഉല്‍പ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്നു മുതല്‍ ഇല്ല. പ്രളയ സെസ് പിന്‍വലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്നു മുതല്‍ വില കുറയും.

ഗൃഹോപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്കും വില കുറയുകയാണ്. കാറുകള്‍ക്ക് നാലായിരം രൂപ മുതല്‍ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും. കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങള്‍ക്കാശ്വാസവും വിപണിക്ക് ഉണര്‍വും നല്‍കുന്നതാണ് പ്രളയ സെസ് പിന്‍വലിക്കാനുള്ള തീരുമാനം.

2018ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊടുത്ത റീ ബില്‍ഡ് കേരള പദ്ധതിയിലേക്ക് പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.5 ശതമാനത്തിന് മുകളില്‍ ജിഎസ്ടി ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരുശതമാനം പ്രളയ സെസ് കൂടി നല്‍കണമായിരുന്നു. ഇതിലൂടെ വര്‍ഷം 600 കോടി വീതം രണ്ട് വര്‍ഷം കൊണ്ട് 1,200 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം.

പുനര്‍നിര്‍മാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാന്‍ സംസ്ഥാനത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുമതിയും നല്‍കിയിരുന്നു. ഇന്ന് മുതല്‍ പ്രളയ സെസ് ഈടാക്കാതെ ബില്‍ നല്‍കാനായി സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ധനവകുപ്പ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പ്രളയ സെസ് പിന്‍വലിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപ കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. വാഹനങ്ങള്‍ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കംപ്യൂട്ടര്‍, ടിവി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, കിടക്കകള്‍, ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരു ശതമാനം വിലയാണ് കുറയുക.

Top