അന്തിമ തീരുമാനമായില്ല; ടി20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാതെ ഐസിസി

ദുബായ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് അന്തിമ തീരുമാനം നീട്ടി ഐസിസി.

ടി20 ലോകകപ്പ് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. അടുത്ത മാസം പകുതിയോടെ മാത്രമെ ലോകകപ്പ് സംബന്ധിച്ച് ഐസിസി അന്തിമ തീരുമാനമെടുക്കു എന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടില്ല.

ഐസിസിയുടെ പുതിയ ചെയര്‍മാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇന്ന് യോഗത്തില്‍ നടന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സിന്റെ പേരാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍പന്തിയിലുള്ളത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയിലുണ്ട്.

ടി20 ലോകകപ്പ് കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്നത് വലിയ നഷ്ടക്കച്ചവടമാകുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റുക മാത്രമെ നിര്‍വാഹമുള്ളൂവെന്നാണ് പൊതുവെയുള്ള വിലയുത്തലെങ്കിലും ഐസിസി തീരുമാനം നീളുന്നത് ബിസിസിഐയെും വെട്ടിലാക്കിയിട്ടുണ്ട്.ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനം അറിഞ്ഞശേഷമെ ബിസിസിഐക്ക് ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ.

Top