തെറ്റായ പ്രചാരണങ്ങള്‍ വേണ്ട, അരികൊമ്പന്‍ അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇണങ്ങി; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: അരിക്കൊമ്പന്റെ സഞ്ചാരത്തില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. തമിഴ്നാട് വനംവകുപ്പുമായി ആശയവിനിമയം നടക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പാതയില്‍ ചെങ്കുത്തായ മലഞ്ചരിവുകള്‍ ഉണ്ട്, കേരളത്തിലേക്കുള്ള സഞ്ചാരത്തിന് സാധ്യതയില്ല. തമിഴ്നാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയെങ്കിലും ആന പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ആന ഇഴകിചേര്‍ന്ന് കഴിഞ്ഞു എന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു, അരിക്കൊമ്പന്‍ ചരിഞ്ഞു എന്നുവരെ പ്രചരിപ്പിച്ചുവെന്നും എന്നാല്‍ ആനയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടന്‍തുറ ഡെപ്യൂട്ടി ഡയറക്ടര്‍ സെമ്പകപ്രിയ പറഞ്ഞു. നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍. ഒരു ദിവസം 10 കിലോമീറ്റര്‍ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നു. അരിക്കൊമ്പന്‍ മദപ്പാടിലാണ്, അപ്പര്‍ കോതയാറിലേക്ക് തന്നെ അരിക്കൊമ്പന്‍ തിരികെ പോകാനാണ് സാധ്യത.

അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്തുണ്ട്. പക്ഷേ അക്രമം നടത്തിയത് അരിക്കൊമ്പനാണ്. റേഷന്‍ കട അരിക്കൊമ്പന്‍ അക്രമിച്ചില്ല, മാഞ്ചോലയിലെ റേഷന്‍ കടയ്ക്ക് നേരെ അരിക്കൊമ്പന്‍ അക്രമം നടത്തിയില്ല. റേഡിയോ കോളറില്‍ നിന്ന് ഓരോ അരമണിക്കൂറിലും സിഗ്‌നല്‍ ലഭിക്കുന്നുണ്ട്. അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അപ്പര്‍ കോതയാര്‍ മേഖലയില്‍ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പന്‍ മാറിയെന്ന് തമിഴ്‌നാട് വനം വകുപ്പ് പറഞ്ഞു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടി വച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി.

Top