ഭൂട്ടോയുടെ വധശിക്ഷയിൽ ന്യായമായ വിചാരണ നടന്നിട്ടില്ല: പാക് സുപ്രീം കോടതി

മുൻ പ്രധാനമന്ത്രി സുൽഫിക്കര്‍ അലി ഭൂട്ടോയുടെ വധശിക്ഷയിൽ ന്യായമായ വിചാരണ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി. 44 വർഷം മുമ്പാണ് പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ സുൽഫിക്കർ അലി ഭൂട്ടോയ്ക്ക് മിലിറ്ററി ഭരണത്തിന് കീഴിൽ വധശിക്ഷ വിധിച്ചതും തൂക്കിലേറ്റിയതും. ഇപ്പോൾ 44 വർഷങ്ങൾക്ക് ശേഷം ഭൂട്ടോയുടെ വധശിക്ഷയെ സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. 1979 ലായിരുന്നു ജനറൽ സിയ ഉൾ ഹഖിന്റെ മിലിറ്ററി ഭരണത്തിന് കീഴിൽ ഭൂട്ടോയെ തൂക്കിലേറ്റിയത്.

ന്യായമായ വിചാരണയും ആവശ്യമായ നടപടി ക്രമങ്ങളും പാലിച്ചിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ചീഫ് ജസ്റ്റിസ് ഖാസി ഫയസ് ഈസ അധ്യക്ഷനായ ഒമ്പത് അംഗ ബെഞ്ചിന്റേതാണ് ഏകകണ്ഠമായ വിധി. ഈ വിധി പ്രസ്താവം തത്സമയമായി സംപ്രേക്ഷണം ചെയ്തിരുന്നു. നിലവിൽ സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകൻ ബിലാവൽ ഭൂട്ടോ സർദാരിയാണ് പിപിപിയുടെ അധ്യക്ഷൻ.

സുൽഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയതിലെ പിഴവ് ചൂണ്ടിക്കാട്ടി 2011 ൽ, ബിലാവലിന്റെ പിതാവും മുൻ പാക് പ്രസിഡന്റുമായ ആസിഫ് അലി സർദാരി നടത്തിയ ജുഡീഷ്യൽ പരാമർശത്തിന് മറുപടിയായാണ് ഇപ്പോഴത്തെ വിധി. ഭൂട്ടോയ്ക്ക് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതിയുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.

ഈ വിധിക്കായി ഞങ്ങളുടെ മൂന്ന് തലമുറ കഴിയേണ്ടി വന്നുവെന്ന് കോടതി വിധിയിൽ പ്രതികരിച്ച് ബിലാവൽ ഭൂട്ടോ പറഞ്ഞു. എക്സിലൂടെയാണ് ബിലാവലിന്റെ പ്രതികരണം. സിയ ഉൾ ഹഖിന്റെ 11 വർഷത്തെ ഭരണത്തിന് കീഴിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു. വിധിയിൽ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറത്തിറക്കും.

Top