No evidence for Pakistan’s role in Pathakott attack

ന്യൂഡല്‍ഹി: പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാനോ മറ്റ് പാക് ഏജന്‍സികള്‍ക്കോ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) തലവന്‍ ശരദ് കുമാര്‍.

പഠാന്‍കോട്ട് ആക്രണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന് പാക് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടി എന്നതിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ശരദ് കുമാര്‍ അറിയിച്ചു. ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരദ്കുമാര്‍ ഇക്കാര്യം അറിയിച്ചത്.

പത്താന്‍ കോട്ട് ഭീകരാക്രണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് രാജ്യത്തിനകത്ത് നിന്നും ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. പാകിസ്ഥാനിലേക്ക് പോയി രണ്ടാം ഘട്ട അന്വേഷണം ഇതുവരെ സാധ്യമായിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന് പാക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു

മസൂദ് അസറിനും സഹോദരന്‍ റൗഫ് അസറിനും ആക്രമണത്തില്‍ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും ശരദ് കുമാര്‍ അറിയിച്ചു.

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും നാല് ഭീകരരുമാണ് വ്യോമത്താവളമായ പത്താന്‍കോട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ആക്രമണം വിലയിരുത്താന്‍ മാര്‍ച്ചില്‍ പാകിസ്ഥാനില്‍ നിന്നുളള അന്വേഷണസംഘം പത്താന്‍കോട്ട് സന്ദര്‍ശിച്ചിരുന്നു.

Top