സിസിടിവി ദൃശ്യങ്ങളില്‍ തെളിവില്ല; വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിലെ പ്രതിക്ക് ജാമ്യം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. സുഹേല്‍ എന്നയാള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അക്രമം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിലോ വൈറലായ വീഡിയോ ദൃശ്യങ്ങളിലോ ഒന്നും ഇയാളെ കാണാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

വാഹനങ്ങള്‍ അടക്കമുള്ളവ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അവരിലാരും സുഹേലിന്റെ പേര് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, കലാപകാരികള്‍ നിരവധി വാഹനങ്ങള്‍ നശിപ്പിച്ച ഭജന്‍പുര റോഡില്‍വച്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വേദ് പാലിനെ സുഹേല്‍ കൈയേറ്റം ചെയ്തുവെന്നും അയാളുടെ ജാമ്യാപേക്ഷ തള്ളണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് കിഷന്‍ ശര്‍മ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. തന്നെ ആരെങ്കിലും കൈയേറ്റം ചെയ്തതായി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വേദ് പാല്‍ അന്നേദിവസം പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top