വയനാട് തുരങ്ക പാതയ്ക്ക് പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്ന്

വയനാട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് തുരങ്ക പാതയുടെ ലോഞ്ചിങ്ങ് നടത്തിയത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നല്‍കാതെയാണെന്ന് വിവരാവകാശ രേഖകള്‍. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.

ആനക്കാംപൊയില്‍- കള്ളാടി തുരങ്ക പാത, 900 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിര്‍മ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. വനത്തിലൂടെയാണ് 8 കിലോ മീറ്റര്‍ തുരങ്കം. അതുകൊണ്ട് ആദ്യം ലഭിക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ്. എന്നാല്‍, പദ്ധതി ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വ്വഹിച്ച് ഒരു മാസം പിന്നിടുമ്പോഴും പരിസ്ഥിതി അനുമതിക്ക് അപേക്ഷ നല്‍കിയില്ലെന്നാണ് സംസ്ഥാന വനംവകുപ്പ് അറിയിക്കുന്നത്.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്ന് ഈ മാസം 2ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇതിനായി അപേക്ഷകളൊന്നും ലഭിച്ചില്ലെന്ന് വ്യക്തമായിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി കത്തിടപാടുകള്‍ നടന്നിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

Top