ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല; ആരോപണം വ്യാജമെന്ന് കരണ്‍ ജോഹര്‍

മുംബൈ: തന്റെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. താന്‍ ലഹരിമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ വസതിയില്‍ നടന്ന ഒരു താര പാര്‍ട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിച്ചതിനു പിന്നാലെയാണ് കരണ്‍ ജോഹറിന്റെ വിശദീകരണം.

താരങ്ങളായ ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ, വിക്കി കൗശാല്‍ തുടങ്ങിയവരെയും വീഡിയോയില്‍ കാണാം. ഈ പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നാണ് ആരോപണം. 2019 ജൂലൈ 28ലെ വീഡിയോയാണിത്.

ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വെള്ളിയാഴ്ച കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരെയും തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

Top