പാര്‍ക്കില്‍ ഉലാത്തുന്നത് പോലെയുള്ള വസ്ത്രം ക്ഷേത്രത്തില്‍ വേണ്ട; പുരിയിലെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ്

ഭുബനേശ്വര്‍: ഒഡിഷയിലെ പ്രശസ്തമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ജനുവരി 1 മുതല്‍ ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. അനുചിതമില്ലാത്ത വസ്ത്രം ധരിച്ച് കുറച്ചുപേരെ ക്ഷേത്രത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് നിതി ഉപസമിതി യോഗത്തില്‍ തീരുമാനമെടുത്തത്.

കടല്‍ത്തീരത്തോ പാര്‍ക്കിലോ ഉലാത്തുന്നത് പോലെ കീറിയ ജീന്‍സ് പാന്റും സ്ലീവ്‌ലെസ് ഡ്രസും ഹാഫ് പാന്റും ധരിച്ച് ചിലര്‍ ക്ഷേത്രത്തില്‍ കാണപ്പെട്ടു. ക്ഷേത്രം ദൈവത്തിന്റെ വാസസ്ഥലമാണ്, വിനോദത്തിനുള്ള സ്ഥലമല്ല. ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് അനുവദിക്കേണ്ടതെന്ന് ഉടന്‍ തീരുമാനിക്കും. മതവികാരം പരിഗണിക്കാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും ജഗന്നാഥ ക്ഷേത്രം അഡ്മിനിസ്‌ട്രേഷന്‍ മേധാവി രഞ്ജന്‍ കുമാര്‍ ദാസ് പറഞ്ഞു.

2024 ജനുവരി 1 മുതല്‍ ക്ഷേത്രത്തിനുള്ളില്‍ ഡ്രസ് കോഡ് കര്‍ശനമായി നടപ്പിലാക്കും. ക്ഷേത്രത്തിലെ ‘സിംഗ ദ്വാര’യില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ക്ഷേത്രത്തിനുള്ളിലെ പ്രതിഹാരി സേവകര്‍ക്കും കോഡ് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച മുതല്‍ ഭക്തജനങ്ങള്‍ക്കിടയില്‍ വസ്ത്രധാരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.ഷോര്‍ട്ട്‌സ്, കീറിയ ജീന്‍സ്, പാവാട, സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ എന്നിവ ധരിച്ച ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top