ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാന്‍ 8500 കോടി പാസ്സാക്കി കേന്ദ്ര ക്യാബിനറ്റ്

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനായി 8500 കോടി രൂപയുടെ ഫണ്ടിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി അധികൃതര്‍. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ജനസംഖ്യാ രജിസ്റ്റര്‍ പരിപാടി ആരംഭിക്കുക.

രാജ്യത്തെ സ്വാഭാവിക താമസക്കാരുടെ പട്ടികയാണ് എന്‍പിആര്‍. ഒരു പ്രദേശത്ത് ആറ് മാസമോ, അതില്‍ ഏറെയോ താമസിക്കുകയും, തുടര്‍ന്ന് ആറ് മാസത്തേക്ക് ഇവിടെ തുടരാനും സാധ്യതയുള്ള വ്യക്തിയാണ് എന്‍പിആര്‍ പട്ടികയില്‍ പെടുന്നത്. 2010ല്‍ ദേശീയജനസംഖ്യാ രജിസ്റ്റര്‍ വിവരങ്ങള്‍ 2011 ഇന്ത്യാ സെന്‍സസിനൊപ്പമാണ് ശേഖരിച്ചത്.

2015ല്‍ ഈ വിവരങ്ങള്‍ സര്‍വ്വെയിലൂടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. വിവരങ്ങളുടെ ഡിജിറ്റല്‍വത്കരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ സെന്‍സസ് 2021 ഫേസിന്റെ ഭാഗത്തിലൂടെ 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലും (ആസാം ഒഴികെ) ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രജിസ്ട്രാര്‍ ജനറല്‍ & സെന്‍സസ് കമ്മീഷണര്‍ ഓഫീസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെ ഇതുസംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇന്ത്യയിലെ എല്ലാ താമസക്കാരും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ താമസക്കാരുടെയും പട്ടികയാണ് എന്‍പിആര്‍ തയ്യാറാക്കുക.

Top