പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല:സൗദി അറേബ്യ

ലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയുടെ ശക്തമായ നിലപാട്.

പലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളോടും നിലപാട് മാറ്റാന്‍ സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍-ഹമാസ് ആക്രമണം പൊട്ടിപ്പുറപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സൗദി അറേബ്യയും ഇസ്രയേലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സൗദി കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സൗദി അറേബ്യ നേരത്തെ ഇസ്രായേലുമായി ഒരു കരാറിന് സമ്മതിച്ചിരുന്നു. ഇതും ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

‘പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് എല്ലായ്‌പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഹോദരങ്ങളായ പലസ്തീന്‍ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണ്. അറബ്-ഇസ്രായേല്‍ സമാധാന പ്രക്രിയയ്ക്കായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്.2002-ലെ അറബ് സമാധാന സംരഭം മുതല്‍ പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുന്നു. പലസ്തീന്‍ രാജ്യം സൃഷ്ടിക്കപ്പെടുകയും സിറിയയുടെ ഗോലാന്‍ പ്രദേശത്തു നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കുകയും ചെയ്യുന്നതുവരെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സൗദി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Top