No diesel or petrol-run taxis in Delhi from tomorrow

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഇന്ധനമായുപയോഗിക്കുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് സി.എന്‍.ജി യിലേക്ക് മാറാനുള്ള കലാവധി ഇന്ന് അവസാനിച്ചതോടെ നാളെ മുതല്‍ ഡല്‍ഹി നിരത്തുകളില്‍ പെട്രോള്‍ഡീസല്‍ ടാക്‌സി വാഹനങ്ങളുണ്ടാവില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഇന്നലെ വാദം കേട്ടെങ്കിലും സമയം നീട്ടി നല്‍കാന്‍ തയ്യാറായില്ല.

വാഹനങ്ങള്‍ സി.എന്‍.ജി യിലേക്ക് മാറ്റാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്ന് വാഹന ഉടമകള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യമുള്ള സമയം നല്‍കി കഴിഞ്ഞുവെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നിലപാട്.

ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വാഹന നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസിറ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് സി.എന്‍.ജിയിലേക്ക് മാറാനുള്ള അവസാന ദിവസം ഇനി നീട്ടി നല്‍കാനാവില്ലെന്ന് ഉടമകളെ അറിയിച്ചത്.

ഇതോടൊപ്പം 2000 സി.സി ക്ക് മുകളിലുള്ള ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മെയ് ഒമ്പതിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മലിനീകരണവുമായി ബന്ധപ്പെട്ട നിരവധി വാദങ്ങളാണ് ശനിയാഴ്ച സുപ്രിംകോടതി കേട്ടത്.

2000 സിസിയ്ക്കും അതിനും മുകളിലും ശേഷിയുള്ള സ്വകാര്യ ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ മഹീന്ദ്ര,ടാറ്റ മോട്ടേഴേസ്,ടൊയോട്ട,മേഴ്‌സിഡസ് ബെന്‍സ് എന്നീ കാര്‍ കമ്പനികളായിരുന്നു കോടതിയെ സമീപിച്ചത്. ഏപ്രില്‍ 30 വരെയായിരുന്നു ഇടക്കാല ഉത്തരവിന് പ്രാബല്യമുണ്ടായിരുന്നത്.

Top