ഡീസല്‍ ഇല്ല: കെ എസ് ആർ ടി സി ഓര്‍ഡിനറി ബസുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഉത്തരവ്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. ഇതനുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. വിശദമായ ഉത്തരവ് പിന്നീട് വരും.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

തിങ്കളാഴ്ച്ച ലഭ്യമായ ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ട്രിപ്പുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

വരുമാനമുള്ള സര്‍വീസുകള്‍ നടത്തണമെന്ന് പറയുമ്പോഴും മിക്ക ജില്ലകളിലും ഡീസല്‍ പ്രതിസന്ധിമൂലം ഇന്നലെ മുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴഞ്ഞിട്ടില്ല. വയനാട് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. ജില്ലയിലെ ഭൂരിഭാഗം പ്രാദേശികസര്‍വീസുകളും ഓടിയില്ല. മുണ്ടക്കൈ, കോട്ടത്തറ, പടിഞ്ഞാറത്തറ വൈപ്പടി തുടങ്ങിയസ്ഥലങ്ങളില്‍ രാവിലെയും ഓരോട്രിപ്പുകള്‍ നടത്തിയശേഷം ബസുകള്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരുടെ തിരക്ക് നോക്കിയാണ് ഗ്രാമീണമേഖലകളിലേക്ക് ഓരോട്രിപ്പുകള്‍ നടത്തിയത്. മാനന്തവാടി ഡിപ്പോയില്‍നിന്ന് ദീര്‍ഘദൂരസര്‍വീസുകള്‍ ഓടിയെങ്കിലും കോഴിക്കോട് സര്‍വീസുകള്‍ മുഴുവന്‍ നടത്താനായില്ല.മറ്റ് ജില്ലകളിലും സമാന അവസ്ഥയാണ്.

Top