മുസ്ലീങ്ങള്‍ക്ക് ആശങ്ക വേണ്ട, മഹാരാഷ്ട്രയില്‍ തടങ്കല്‍ പാളയങ്ങളില്ല; ഉദ്ധവ് താക്കറെ

മുംബ: സുരക്ഷിതത്വം ഓര്‍ത്ത് മുസ്ലീങ്ങള്‍ ഭയക്കേണ്ട, മഹാരാഷ്ട്രയില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള നീതി നിഷേധവും നേരിടേണ്ടി വരില്ലെന്ന് ഉദ്ധവ് താക്കറെ തന്നെ സന്ദര്‍ശിച്ച മുസ്ലിം പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.

മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്‍മാര്‍ക്കുള്ളതാണ് നവി മുംബൈയിലെ തടങ്കല്‍ കേന്ദ്രം. 38 പേരെ മാത്രം പാര്‍പ്പിക്കാന്‍ സാധിക്കുന്ന തടങ്കല്‍ കേന്ദ്രമാണ് ഇത്. ജയില്‍ മോചിതരായതിനു ശേഷം അവരുടെ നാടുകളിലേക്ക് കടത്തുന്നതിനു മുന്‍പ് പാര്‍പ്പിക്കുന്ന സ്ഥലമാണ് ഈ തടങ്കല്‍ കേന്ദ്രം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ചെറിയ ആശങ്ക പരന്നിട്ടുണ്ട്. അത്തരത്തിലുള്ള ആശങ്കകള്‍ വേണ്ട ഉദ്ധവ് താക്കറെ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കയുടേയും ആവശ്യമില്ല. ആരെയും വേദനിപ്പിക്കാതെ ഏത് മതത്തില്‍പ്പെട്ടവരുടെയും അവകാശങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംരക്ഷിക്കും.സംസ്ഥാനത്തെ ശാന്തിയും സമാധാനവുമാണു പ്രധാനമെന്നും ഉദ്ധവ് വ്യക്തമാക്കി.

അതേസമയം പൗരത്വ നിയമത്തെ കുറിച്ച് ശിവസേനയില്‍ ഭിന്നത രൂക്ഷമാകുകയാണ്. ഒരു വിഭാഗം നിയമത്തെ അനുകൂലിക്കുമ്പോള്‍ മറു വിഭാഗം വിയോജിപ്പിച്ചുമായി രംഗത്ത് വന്നിരിക്കുകയാണ്.

 

 

Top