സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനം അറിഞ്ഞശേഷം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.കൊറോണ വൈറസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താനായി ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ബുധനാഴ്ച വീണ്ടും മന്ത്രിസഭ ചേരാനും തീരുമാനമായി.

കാസര്‍ഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് വിലയിരുത്തിയ മന്ത്രിസഭായോഗം ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും തീരുമാനിച്ചു.

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശ്വാസകരമാണെന്നുമാണ് മന്ത്രിസഭാ യോഗത്തില്‍ പൊതുവെയുണ്ടായ വിലയിരുത്തല്‍.

ചൈനയില്‍ അടക്കം വൈറസ് രണ്ടാമതും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുടരേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ജില്ലകള്‍ കടന്നുള്ള യാത്ര ഒരു തരത്തിലും അനുവദിക്കില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും തീരുമാനമായി.

കോവിഡ് ഗുരുതര മേഖലകളില്‍ (ഹോട്‌സ് സ്‌പോര്‍ട്) നിലവിലുള്ള നിയന്ത്രണം 30 വരെ തുടരണമെന്നും അല്ലാത്ത ജില്ലകളില്‍ അകലം പാലിച്ചു സര്‍ക്കാര്‍ അനുവദിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമ്മതിക്കണമെന്നുമെന്നുമാണ് കേരളത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഈ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.

Top