കേരളത്തിന് ലഭിക്കാനുള്ള തുക ഉടന്‍ കിട്ടുമെന്ന് ധനമന്ത്രി

ഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതുസംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് കിട്ടാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഒരാഴ്ചക്കകം തന്നെ ലഭിക്കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറുമായി തര്‍ക്കമില്ല. ഒരാഴ്ചക്കകം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. കേരളം പോലെ തന്നെ മറ്റു സംസ്ഥാനങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കാനുണ്ട്. കേരളത്തിന് ഏകദേശം 750 കോടി രൂപയാണ് കിട്ടാനുള്ളത്.

നഷ്ടപരിഹാര കാലാവധി നീട്ടണമെന്നതാണ് എല്ലാ സംസ്ഥാനങ്ങളുടെയും പൊതുവായുള്ള അഭിപ്രായം. എന്നാല്‍ നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top