സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാതെ ഉന്നതാധികാര സമിതിയോഗം പിരിഞ്ഞു

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സമിതിയാണ് സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നത്.

പ്രധാനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ഇന്ന് തീരുമാനമായില്ലെന്നും അടുത്തയോഗം അടുത്തയാഴ്ച ഏതുസമയത്തും യോഗം ചേര്‍ന്നേക്കാമെന്നുമായിരുന്നു യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.

സി.ബി.ഐയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് 1982-85 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥരെയാണ്. സീനിയോറിറ്റി, സത്യസന്ധത, അഴിമതിക്കേസുകള്‍ അന്വേഷിച്ചുള്ള പരിചയം, സി ബി ഐയില്‍ പ്രവൃത്തിപരിചയം, വിജിലന്‍സ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പന്ത്രണ്ടോളം പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

മുന്‍ ഐ പി എസ് ഓഫീസറും ഗുജറാത്ത് ഡി ജി പിയുമായ ശിവാനന്ദ് ഷാ, ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ രജിനികാന്ത് മിശ്ര, സി ഐ എസ് എഫ് ഡയറക്ടര്‍ ജനറല്‍ രാജഷ് രഞ്ജന്‍, എന്‍ ഐ എ വൈ സി മോദി, മുംബൈ പോലീസ് കമ്മീഷണര്‍ സുബോധ് ജയ്സ്വാള്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Top