ക്രിയാത്മകമായ ഒരു പരിപാടിയും ബിജെപി കേരള പേജില്‍ വരുന്നില്ല; ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ദാസ്

ഡല്‍ഹി: സംസ്ഥാന ബിജെപിക്കും ഐടി സെല്ലിനുമെതിരെ വിമര്‍ശനവുമായി ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ദാസ് അഗര്‍വാള്‍. തമിഴ്‌നാട്ടിലെയും കേരളത്തിലെയും പാര്‍ട്ടി കാര്യകര്‍ത്താക്കളേയും സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്താല്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്.

ബിജെപി ഐടി സെല്ലിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ പോര് രൂക്ഷമായ പശ്ചാത്തലത്തിലാണ് അഗര്‍വാളിന്റെ വിമര്‍ശനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെറും 36 മണിക്കൂര്‍ മാത്രമാണ് തമിഴ്‌നാട് സന്ദര്‍ശിച്ചത്. എന്നാല്‍ കേരളത്തില്‍ 60 മുതല്‍ 70 ദിവസം വരെ എത്തുകയും നൂറുകണക്കിന് യോഗങ്ങള്‍ നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ഐടി സെല്‍ നിര്‍ജീവമെന്നാണ് പ്രധാന പരാതി. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പിന്നിലായെന്നും ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച പേജ് ഇപ്പോള്‍ സിപിഐഎം കേരളയേക്കാള്‍ പുറകിലാണെന്നും വിമര്‍ശനമുണ്ട്.

ക്രിയാത്മകമായ ഒരു പരിപാടിയും ബിജെപി കേരള പേജില്‍ വരുന്നില്ല. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഐടി സെല്ലിന് കഴിയുന്നില്ല. കെ സുരേന്ദ്രന്‍ കൊണ്ടുവന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം പോലും ബിജെപി ഐടി സെല്‍ ഏറ്റെടുത്തില്ലെന്നുമാണ് മറ്റ് വിമര്‍ശനങ്ങള്‍.

Top