സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും പാസാക്കാനൊരുങ്ങി യുഡിഎഫ്

benny-behnan

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങി യുഡിഎഫ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം കൊണ്ടുവരാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ നിയമസഭയുടെ അന്തസ് കെടുത്തിയെന്നും യുഡിഎഫ് ആരോപിച്ചു. പ്രതികളെ സംരക്ഷിക്കുന്നതിനും അവരെ സാഹയിക്കുന്നതിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായുള്ള ബന്ധം കൂടുതല്‍ തെളിവുകളോടെ പുറത്തുവന്നിരിക്കുകയാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണിലും പ്രതികള്‍ തിരുവനന്തപുരം വിട്ട് പോയത് മുഖ്യമന്ത്രിയുടെ അറിവോടെയും ഒത്താശയോടെയുമാണെന്ന യുഡിഎഫ് ആരോപണം ആവര്‍ത്തിക്കുന്നുവെന്നും ബെന്നി വ്യക്തമാക്കി.

Top