പ്രധാനമന്ത്രിയായി ഇമ്രാന്‍ തുടരും; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നിരസിച്ച് ഡെപ്യൂട്ടി സ്പീക്കര്‍

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ തുടരും. ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. നടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് വേണ്ടെന്ന തീരുമാനം. പിന്നാലെ സഭ പിരിഞ്ഞു.

അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. അതിനാല്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥ ഇമ്രാന് ആശ്വാസം നല്‍കുന്നതാണ്.

ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാകിസ്ഥാന്‍ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം എംഎല്‍എമാര്‍ ഒപ്പുവച്ചു. പിന്നാലെ സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് സഭ നിയന്ത്രിക്കാനുള്ള ചുമതല ഡെപ്യൂട്ടി സ്പീക്കറില്‍ നിഷിപ്തമായത്.

ഇന്ന് വോട്ടെടുപ്പ് നടക്കുമെന്ന പശ്ചാത്തലത്തില്‍ നേരത്തെ അസംബ്ലിക്ക് പുറത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. ഇസ്ലാമബാദില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അസംബ്ലി ചേരും മുന്‍പ് സമാധാനത്തിന് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി രംഗത്തെത്തിയിരുന്നു.

342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന് (പിടിഐ) 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം. രണ്ട് ഘടക കക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷ സഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നു. പിടിഐയിലെ 24 വിമത എംപിമാരെ ഉള്‍പ്പെടുത്താതെയാണിത്.

 

Top