‘വിട്ടുവീഴ്ചയില്ല’; പഠിച്ചശേഷമേ ഓർഡിനൻസിൽ ഒപ്പിടുവെന്ന് ഗവർണർ

ദില്ലി: ഓർഡിനൻസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും താൻ ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശദമായി പഠിച്ച ശേഷമേ ഓർഡിനൻസിൽ ഒപ്പിടു എന്ന്  ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ല. ഇതൊക്കെ പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി

താൻ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമർശനമാകാം. എന്നാൽ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ​ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ ഇന്നലെ അസാധുവായിരുന്നു. മുതിർന്ന ഉദ്യോ​ഗസ്ഥർ ​ഗവർണറെ കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ​ഗവർണർ വഴങ്ങിയില്ല. ദില്ലിയിൽ നിന്ന് നാളെ കേരളത്തിലെത്തുന്ന ​ഗവർണറെ അനുനയിപ്പിക്കാൻ സാധ്യതയുണ്ട്.

സി പി എമ്മും സർക്കാരും ​ഗവർണറെ അനുനയിപ്പിക്കാൻ നീക്കം നടത്തവേ ഇന്ന് ​ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി ഐ മുഖപത്രമായ ജനയു​ഗം രം​ഗത്തെത്തി. ​ഗവർണർ പദവി പാഴാണെന്നായിരുന്നു മുഖ്യ വിമർശനം.

Top