ചൈനയുടെ പ്രകോപനത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട; നിലപാടിലുറച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇനിയും ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് കരസേനയ്ക്ക് കേന്ദ്രം നല്‍കിയിട്ടുള്ള നിര്‍ദേശം. തിങ്കളാഴ്ച വൈകിട്ട് നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള പട്രോള്‍ പോയന്റിന് സമീപത്തുള്ള നോ മാന്‍സ് ലാന്‍ഡില്‍ ചൈന ടെന്റ് കെട്ടിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ചൈനീസ് സൈന്യം പ്രകോപനം നടത്തിയതും ആക്രമിച്ചതും.

അതേസമയം, ഇന്ത്യയും ചൈനയും തമ്മില്‍ മേജര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ ഇന്നും തുടരാന്‍ തന്നെയാണ് തീരുമാനം. ഇന്നലെ നടന്ന മേജര്‍ തലചര്‍ച്ചകള്‍ ധാരണയില്ലാതെ പിരിഞ്ഞിരുന്നു. സേനയെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ധാരണകളിലാണ് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് സൂചന.

മേഖലയില്‍ നിന്ന് സേനാപിന്‍മാറ്റം നടക്കില്ലെന്ന് തന്നെയാണ് സൂചന. നിലവില്‍ ഉള്ള ഇടങ്ങളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങള്‍ പിന്‍മാറിയിട്ടില്ല. നിലവില്‍ അതിര്‍ത്തിയിലെ എല്ലാ ബേസ് ക്യാമ്പുകളിലും അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഇന്ത്യ – ചൈന അതിര്‍ത്തിയിലെ എല്ലാ കരസേനാ, വ്യോമസേനാ താവളങ്ങളും ജാഗ്രതയിലാണ്.

ചൈനീസ് നാവികസേന പട്രോളിംഗ് നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യന്‍ നാവികസേന ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ജാഗ്രത കൂട്ടാന്‍ തീരുമാനമായത്. ഒപ്പം അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെല്ലാമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് സമീപത്ത്, അധികട്രൂപ്പുകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ 18 പേരാണ് ലേയിലെ സൈനികാശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേരുടെ നില അതീവഗുരുതരമെങ്കിലും ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുവെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം 58 പേരടങ്ങിയ മറ്റൊരു സംഘത്തിനും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

Top