ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല; സന്ദീപിന്റെ അഭിഭാഷക

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായരോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പി. വി വിജയം. താന്‍ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരെ പൊലീസ് കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഭിഭാഷക പറഞ്ഞു.

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. തനിക്ക് ജാമ്യം നിഷേധിക്കാന്‍ ഇ.ഡി അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയെ സമീപിച്ചത്. ഡിജിപിക്ക് പരാതി നല്‍കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ പൊലീസിന് കേസെടുക്കാന്‍ കഴിയുമെന്നും വിജയം ചോദിച്ചു.

നേരത്തെ, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന സന്ദീപിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സന്ദീപിന്റെ അഭിഭാഷക ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു.

Top