‘തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ല’, സരിതയുടെ കത്തുകള്‍ പുറത്ത്

തിരുവനന്തപുരം: തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ എഴുതിയ രണ്ടു കത്തുകള്‍ പുറത്ത്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍നിന്നു സരിത സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളിലാണ് തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നത്. തന്റെ പേരില്‍ പല രാഷ്ട്രീയനേതാക്കളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമാണു സരിത കോടതിയെ അറിയിച്ചത്.

പീഡനം സംബന്ധിച്ചു സോളാര്‍ കമ്മിഷന്‍ തെളിവായി സ്വീകരിച്ച കത്തിനു പിന്നാലെയാണു ജയിലില്‍നിന്ന് ഈ രണ്ടു കത്തുകള്‍ സരിത എഴുതിയത്. 2013 ജൂലൈ 13-നു സരിത എഴുതിയ കത്താണു കമ്മിഷന്റെ പക്കലുള്ളത്. ഇതിലാണു പ്രമുഖരുടെ പേരു പരാമര്‍ശിക്കുന്നത്. ഈ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് അതിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് സരിത എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടുത്ത കത്ത് നല്‍കിയിരുന്നു. ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് എറണാകുളം അഡീ.

ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല.

ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ലെന്നും സമൂഹമധ്യത്തില്‍ തന്റെ മാന്യത പിച്ചിച്ചീന്താനാണു ശ്രമമെന്നും എസ്.ഐ: ലൈലാകുമാരിക്കു കൈമാറിയ കത്തില്‍ സരിത വ്യക്തമാക്കുന്നു.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ഈ കത്തെഴുതിയത്. സരിതയുടെ കത്ത് അടിസ്ഥാനമാക്കി രാഷ്ട്രീയനേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി ശിപാര്‍ശചെയ്ത ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ സാധുതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

Top