കേരളത്തില്‍ വംശീയ വിവേചനത്തിന് ഇരയായി, അര്‍ഹിച്ച പ്രതിഫലം നല്‍കിയില്ല; സാമുവല്‍ റോബിന്‍

sudani-from-nigeria

കൊച്ചി : സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണങ്ങളുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്ന് സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന്റെ ഇരയായെന്നും സാമുവല്‍ തുറന്നടിച്ചു.

അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ വളരെ കഴിവുറ്റ സംവിധായകനാണെന്നും , തന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചെന്നും സാമുവല്‍ വ്യക്തമാക്കി.

സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കളുടെ വാഗ്ദാനം. ഇത് അവര്‍ പാലിച്ചില്ല. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവല്‍ ആരോപിക്കുന്നു.

കറുത്ത വര്‍ഗക്കാരനായത് കൊണ്ടും ആഫ്രിക്കന്‍ വംശജന് പണത്തിന്റെ മൂല്യം അറിയില്ല എന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകന്‍ സക്കറിയ തന്നെ സഹായിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നൈജീരിയയില്‍ തിരിച്ചെത്തിയിട്ടും ആ വാഗ്ദാനം പാലിച്ചില്ല. സിനിമ പൂര്‍ത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ആദ്യ ഫേസ്ബുക്ക് കുറിപ്പിന് പ്രതികരണവുമായി മലയാളികള്‍ എത്തിയതോടെ സാമുവല്‍ വീണ്ടും വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു. കേരള സംസ്‌കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവല്‍ രണ്ടാം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Top