കോവിഡ് ഭീതി; ആശുപത്രി മോര്‍ച്ചറിയില്‍ അനാഥമായി മൃതദേഹങ്ങള്‍

അഹമ്മബാദ്: ഗുജറാത്തില്‍ ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കളെത്തുന്നില്ല. അഹമ്മദാബാദ് സിവിക് ആശുപത്രിയിലാണ് സംഭവം. മെയ് ഒന്നുമുതല്‍ 17 മൃതദേഹങ്ങളാണ് ഈ ആശുപത്രിയില്‍ ബന്ധുക്കളെത്താതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. അഞ്ച് മൃതദേഹങ്ങളുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞെങ്കിലും അവരുടെ അനുമതി ലഭിക്കാത്തതിനാല്‍ സംസ്‌കരിക്കാനായിട്ടില്ല. അതേസമയം, 12 മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മൊത്തം 47 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 30 പേരുടെ മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയി. ചട്ടപ്രകാരം ഏഴ് ദിവസത്തിന് ശേഷം അവകാശികളെത്തിയില്ലെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ച് അധികൃതര്‍ക്ക് തന്നെ സംസ്‌കരിക്കാം. എന്നാല്‍, അവകാശികള്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കോവിഡ് ഭീതി കാരണമാണ് ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ എത്താതെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എംഎം പ്രഭാകര്‍ പറഞ്ഞു. ഇവര്‍ കോവിഡ് ബാധിച്ചാണോ മരിച്ചത് എന്നതിനും രേഖകളില്ല. ചിലര്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇവരുടെ ബന്ധുക്കളെക്കുറിച്ച് വിവരമില്ല. ബന്ധുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് സര്‍ജന്‍ ഡോ. മനീഷ് ഘെലാനി പറഞ്ഞു. ആശുപത്രിയില്‍ മരിച്ച വിരേന്ദ്ര ഷാ എന്നയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ മകന് അനുമതി നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ ആശുപത്രിയിലെത്താന്‍ ബന്ധുക്കള്‍ക്ക് ഭയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കോവിഡ് മരണ നിരക്ക് ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. അഹമ്മദാബാദിലെ സിവിക് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത്.

Top