ഗസ്സയിലെ കൂട്ടക്കുരുതി:യേശു പിറന്ന ബത്ലഹേമില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല

ബത്ലഹേം: യേശു പിറന്ന ബത്ലഹേമില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല. ഗസ്സയില്‍ ഇസ്രായേല്‍ സേന തുടരുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചാണ് ബത്ലഹേമിലെ ക്രൈസ്തവ വിശ്വസികള്‍ ആഘോഷം ഉപേക്ഷിച്ചത്.ക്രിസ്മസ് ദിനത്തിന്റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്ലഹേമില്‍ തിരുപ്പിറവി ആഘോഷങ്ങളും ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ പ്രാര്‍ഥനകളും നടക്കാറുള്ളത്. ആയിരങ്ങള്‍ എത്താറുള്ള ബത്ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും ഇന്ന് വിജനമായി കിടക്കുകയാണ്.

ഗസ്സയിലെ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബത്ലഹേം ഇവാഞ്ചലിക്കല്‍ ലുഥറന്‍ ചര്‍ച്ച് പാസ്റ്റര്‍ റവ. ഡോ. മുന്‍തര്‍ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കില്‍ ഗസ്സയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയിലാകുമെന്ന് മുന്‍തര്‍ ഐസക് ചൂണ്ടിക്കാട്ടി. ക്രിസ്മസിന് മുന്നോടിയായി നടത്തിയ വിലാപ പ്രാര്‍ഥനയില്‍ ഗസ്സയിലെ സമാധാനത്തിന് മുന്‍തര്‍ ഐസക് ആഹ്വാനം ചെയ്തു.നാം ശക്തിയിലും ആയുധങ്ങളിലും ആശ്രയിക്കുമ്പോള്‍, കുട്ടികള്‍ക്ക് നേരെയുള്ള ബോംബാക്രമണത്തെ ന്യായീകരിക്കുമ്പോള്‍, യേശു അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്. ഉടന്‍ തന്നെ വംശഹത്യ അവസാനിപ്പിക്കണമെന്നും മുന്‍തര്‍ ഐസക് ചൂണ്ടിക്കാട്ടി.

Top