ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; നേമം പുഷ്പരാജ്

തൃശ്ശൂര്‍: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. വിവാദ കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു.

കെ.കെ. സുഭാഷ് വരച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കഥാപാത്രമാകുന്ന ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണാണ് അവാര്‍ഡിനര്‍ഹമായത്. ഇതില്‍ ക്രൈസ്തവ ചിഹ്നങ്ങളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കാട്ടി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി.) അടക്കമുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൂടാതെ മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചത്.

ക്രിസ്തീയ മത ചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ല, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതനിരപേക്ഷത ഹനിക്കാന്‍ അനുവദിക്കില്ല. മത ചിഹ്നങ്ങള്‍ അവഹേളിച്ചത് അംഗീകരിക്കുന്നില്ലെന്നും എകെ ബാലന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Top