കെഎഎസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കെഎഎസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റം ഇല്ല. അടിസ്ഥാന ശമ്പളം 81800 തന്നെയായിരിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല.

ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും. സ്‌പെഷ്യല്‍ പേ നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഐഎഎസ് അസോസിയേഷന്‍.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ(കെഎഎസ്) ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചതിൽ പ്രതിഷേധവുമായി അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. സ്‌പെഷ്യൽ പേ അനുവദിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 10,000 മുതൽ 25,000 വരെ പ്രതിമാസം അധികം നൽകണമെന്നായിരുന്നു ഐ എഎസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്.

മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു .

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായി (ഫിക്സഡ്) നിശ്ചയിച്ചുകൊണ്ടായിരുന്നു മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കുമെന്നുമായിരുന്നു തീരുമാനം.

Top