പാലാ ബിഷപ്പിനെതിരെ കേസെടുക്കില്ല; നര്‍ക്കോട്ടികിന് മതചിഹ്നം നല്‍കേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നകാര്യം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സമൂഹത്തിന്റെ ഐക്യം നിലനിറുത്താനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

നാര്‍കോട്ടിക് മാഫിയ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ അത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദായത്തിന്റെ ഉന്നമനത്തിനായി അവര്‍ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം.

പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയില്ല. ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top