ഒമൈക്രോണ്‍ ഭീതിയില്‍ രാജ്യം; മൂന്നാം തരംഗം മുന്നില്‍ ? ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ സാന്നിധ്യം തിരിച്ചറിയാന്‍ സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കമുള്ള വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങള്‍ മൂന്നോട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും കേന്ദ്രം നിര്‍ദേശിച്ചു.

പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വീടുകള്‍ തോറുമുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഡിസംബര്‍ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു. നാളെ മുതല്‍ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണം ഏര്‍പ്പെടുത്താനും ഏഴാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും.

അതിവേഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗവ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതിരിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.

Top