ശരീര താപനില പരിശോധനയില്ല; ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു

ദോഹ: കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പകരം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.

പുതിയ അറിയിപ്പ് പ്രകാരം ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇനി ശരീര താപനില പരിശോധന ആവശ്യമുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തെ കൊവിഡ് രോഗ വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ നാലാം ഘട്ടം നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഇത് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

Top